ഐരാണിക്കുളം മഹാദേവക്ഷേത്രം
പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ മാളയിൽ നിന്നും ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണെങ്കിലും ഒന്ന് ലിംഗരൂപമാണെങ്കിൽ മറ്റേത് വിഗ്രഹരൂപമാണെന്ന വ്യത്യാസമുണ്ട്. ശിവന് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠ അപൂർവ്വമാണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാകുന്നു. വിഗ്രഹരൂപത്തിലുള്ള ശിവനോടൊപ്പം അതേ പീഠത്തിൽ പാർവ്വതീദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും പ്രതിഷ്ഠകളുമുണ്ട്. ഇത് മറ്റൊരു വലിയ പ്രത്യേകതയാണ്. രണ്ട് പ്രതിഷ്ഠകൾക്കും പ്രത്യേകമായി നാലമ്പലങ്ങളും ബലിക്കല്ലുകളും കൊടിമരങ്ങളുമുണ്ടെന്നത് വലിയ പ്രത്യേകതയാണ്. ഉപദേവതകളായി ഗണപതി, സപ്തമാതൃക്കൾ, വീരഭദ്രൻ, ശാസ്താവ്, ഭുവനേശ്വരി (കാരോട്ടമ്മ), നാഗദൈവങ്ങൾ, യക്ഷിയമ്മ എന്നിവരും സമീപം പ്രത്യേകം ക്ഷേത്രത്തിൽ മഹാവിഷ്ണുവും സാന്നിദ്ധ്യമരുളുന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ ശിവരാത്രി, നവരാത്രി, വിഷു, മണ്ഡലകാലം തുടങ്ങിയവയും അതിവിശേഷമായി ആചരിച്ചുവരുന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.


